മാസപ്പടിക്കേസിൽ നിർണായക വഴിത്തിരിവ്; അന്വേഷണം പിണറായി വിജയനിലേക്ക്
ഷീബ വിജയൻ
കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്റെ മകളും കേസിൽ പ്രതിയുമായ വീണയുടെതുൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്.
എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണെന്ന് സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് മൊഴി നൽകിയിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർത്താവിൻ്റെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക.
അതേസമയം പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്. സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 26 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി 12 പ്രതികളുടെയും അവരുടെ സ്ഥാപനങ്ങളുടെയുമായി 29 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
fvdfsdfsdfs

