'സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാർത്ത മാധ്യമസൃഷ്ടി; അടിമുടി മാറ്റത്തിനൊരുങ്ങി സി.പി.എം: എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
തിരുവനന്തപുരം: പാർട്ടി സംസ്ഥാന സെക്രട്ടറി മാറുമെന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകുമെന്നും എന്നാൽ അത് നേതാക്കൾ മാറലല്ല, മറിച്ച് സംഘടനാപരമായ ദൗർബല്യങ്ങൾ തിരുത്തി താനുൾപ്പെടെയുള്ളവർ മാറലാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി വാരാന്തപ്പതിപ്പിൽ 'കള്ളൻ വിജയൻ' എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
പാർട്ടിയുടെ താഴെത്തട്ട് മുതൽ മേൽഘടകം വരെയുള്ള പ്രവർത്തനം സമഗ്രമായി പരിശോധിച്ചാണ് അവലോകന റിപ്പോർട്ട് തയ്യാറാക്കുന്നത്. പാർട്ടിക്ക് പുറത്തുള്ള പതിനായിരക്കണക്കിന് ആളുകളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ശേഖരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇവ അവതരിപ്പിക്കും. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കർമപദ്ധതിക്ക് യോഗം രൂപം നൽകുമെന്നും ഗോവിന്ദൻ അറിയിച്ചു.
dsfdfsdsf

