അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ബലാത്സംഗമെന്ന് സംശയം, പ്രതി പിടിയിൽ


ഷീബ വിജയൻ

പത്തനംതിട്ട: അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗവി-മീനാർ വനത്തിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാർ അങ്കണവാടിയിലെ ഹെൽപ്പറും തമിഴ്‌നാട് സ്വദേശിനിയുമായ മേനകയാണ് മരിച്ചത്. ക്രൂരമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ആദിവാസി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗവിയിൽ താമസിക്കുന്ന യുവതി മീനാറിലെ അങ്കണവാടിയിലാണ് ജോലി ചെയ്തുവന്നിരുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് ജോലിക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മൂന്നുകിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. ഈ വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തനിക്കെന്തോ കടിച്ചെന്ന് പറഞ്ഞ് യുവതി തമിഴ്‌നാട്ടിലുള്ള തന്റെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും ഫോൺ കിട്ടാതെവന്നതോടെ അദ്ദേഹം വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം തോടിന് സമീപം കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങൾ പൂർണ്ണമായും വലിച്ചൂരിയ നിലയിലായിരുന്നു. കൂടാതെ സ്ഥലത്ത് ശക്തമായ മൽപിടുത്തം നടന്നതിന്റെ സൂചനകളുള്ളതായും ദൃക്‌സാക്ഷികൾ പറഞ്ഞു. യുവതിയെ പിന്തുടർന്ന ഒരു ആദിവാസി യുവാവ് കൃത്യം നടത്തിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയ മൂഴിയാർ പോലീസ് വണ്ടിപ്പെരിയാറിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മരിച്ച യുവതിയുടെ ഭർത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട്.

article-image

qsdasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed