'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്
ഷീബ വിജയൻ
ആലപ്പുഴയിലെ 'രക്ഷാ പ്രവർത്തനത്തിൽ' മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമ കുറ്റം ചേർത്ത് എസ്‌ഐടി റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രതികൾ കീഴടങ്ങാനുള്ള സൂചന നിലനിർത്തിയാണ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ 5 പേർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.
2023 ഡിസംബറിലാണ് വിവാദങ്ങൾക്ക് വഴിവെച്ച ഈ സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പോലീസുകാർ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
മർദനമേറ്റ പ്രവർത്തകരുടെ മൊഴികളും സംഭവസ്ഥലത്തെ വിഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. മർദനത്തിൽ തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും തുടക്കത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
fdfdsadssa

