സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും; എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് മാത്രം ഒരാളെ മാറ്റിനിർത്താനാകില്ലെന്ന് കെ. ജയകുമാർ
ഷീബ വിജയൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും, ഭേദഗതികളോടെ പുതിയ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ആകെ 20 പേരുടെ നിയമനങ്ങളിലാണ് ഭേദഗതി ഉണ്ടാകുക. ചില പരാതികളൊക്കെ ഉയർന്ന സാഹചര്യത്തിൽ അതൊക്കെ പരിഹരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും, അതാണ് ഇപ്പോൾ ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു. ബോർഡിന് മുമ്പാകെ വന്ന പരാതികളെല്ലാം പരിശോധിച്ചു. വിജിലൻസ് ക്ലിയറൻസ് ഒക്കെ നോക്കിയിട്ടാണ് ബോർഡ് തീരുമാനിച്ചത്. ആരെയെങ്കിലും പ്രത്യേക അന്വേഷണ സംഘം (SIT) വിളിച്ച് ചോദ്യം ചെയ്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരാൾക്ക് സ്ഥാനക്കയറ്റമോ, ട്രാൻസ്ഫറോ പരിഗണിക്കാതിരിക്കാൻ സാധിക്കില്ല. അവർ എത്രയോ പേരെ ചോദ്യം ചെയ്യുന്നുണ്ട്. വിജിലൻസ് കേസുണ്ടെങ്കിൽ ശരിയാണ്, എന്നാൽ വിജിലൻസ് ക്ലിയറൻസ് ഉള്ളവരെയാണ് നിയമിച്ചത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പുതിയ ഓർഡർ ഇറങ്ങുന്നതോടെ പ്രകടമായ പരാതികളെല്ലാം മാറിക്കിട്ടും. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ബോർഡ് ബാധ്യസ്ഥമാണ്. സീനിയർ ആൾ ചോദിച്ചത് കൊടുക്കാതെ ജൂനിയർ ആൾക്ക് കൊടുത്തു എന്ന പരാതി വരാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഒരുപാട് മണിക്കൂറുകൾ ചെലവഴിച്ചാണ് ട്രാൻസ്ഫർ നടത്തിയത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല; സ്ഥലംമാറ്റ അപേക്ഷകൾ ചോദിച്ചിരുന്നു. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല, അഥവാ ജാഗ്രതക്കുറവ് വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അന്നത് പരിഹരിച്ചിട്ടുണ്ട്. ശ്യാം പ്രകാശിനെ എസ്എടി ഓഫീസറായി നിയമിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അയാൾക്കെതിരെ തങ്ങളുടെ മുന്നിൽ പരാതികളൊന്നുമില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി.
ജീവനക്കാർക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടും. തീരുമാനങ്ങളിൽ കടുകിട മാറ്റില്ലെന്ന് ദേവസ്വം ബോർഡ് പറഞ്ഞിട്ടില്ല. ജീവനക്കാരുടെ താൽപ്പര്യങ്ങൾ ഹനിക്കരുതെന്ന് മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ഇതുവരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും അതിനാൽ തുടരുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.
eqwdewqd

