സോഷ്യൽ മീഡിയ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭർത്താവ് അറസ്റ്റിൽ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: ചെങ്കൽ വ്‌ലാത്താങ്കരയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്. വ്‌ലാത്താങ്കര സ്വദേശിനി അൽമ (32) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഫോണിൽ അമിതമായി സമയം ചെലവഴിക്കുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് വിഷ്ണുനാഥ് പോലീസിനോട് സമ്മതിച്ചു.

വിവാഹശേഷം അൽമ സോഷ്യൽ മീഡിയയിൽ സജീവമായത് വിഷ്ണുനാഥിന്റെ സംശയത്തിന് ഇടയാക്കിയിരുന്നു. ഒൻപത് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായ ഇവർക്ക് കുട്ടികളില്ലാത്തതിനെച്ചൊല്ലിയും അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. തുടർന്ന് പ്രകോപിതനായ വിഷ്ണുനാഥ് രാവിലെ ഒൻപതരയോടെ കിടപ്പുമുറിയിൽ വെച്ച് അൽമയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം വിഷ്ണുനാഥ് അഭിഭാഷകനായ തന്റെ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. സഹോദരൻ നൽകിയ വിവരമനുസരിച്ച് പോലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അൽമയുടെ മൃതദേഹം. പി.എസ്.സി. കോച്ചിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പ്രതിയായ വിഷ്ണുനാഥ്. അൽമയുടെ ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed