ശ്രീനന്ദയുടെ മരണം: വീഴ്ചയിലേറ്റ ആഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന്


ശ്രീനന്ദയുടെ മരണം: വീഴ്ചയിലേറ്റ ആഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന്

ഷീബ വിജയൻ
ചിക്കമഗളൂരു ബാബാ ബുധൻഗിരി മലനിരകളിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണം വീഴ്ചയിലേറ്റ ഗുരുതരമായ പരിക്കുകൾ മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയുടെ വലതുഭാഗത്തേറ്റ ശക്തമായ ആഘാതമാണ് മരണത്തിന് കാരണമായത്. മലയിടുക്കിലെ കല്ലുകളിൽ തട്ടി ശരീരത്തിലെ മിക്ക അസ്ഥികളും ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. പെൺകുട്ടിയെ മറ്റാരെങ്കിലും അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കാഴ്ച്ചകൾ കാണുന്നതിനായി സുരക്ഷാവേലിക്ക് പുറത്തേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ശനിയാഴ്ച പുലർച്ചെയോടെ ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ അകമ്പടിയോടെ വെള്ളിയാഴ്ച രാത്രി വൈകിയാണ് മൃതദേഹവുമായി ആംബുലൻസ് ചിക്കമഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പ്രിയപ്പെട്ട വിദ്യാർത്ഥിനിയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനവലിയാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവർമഠത്തിൽ നടക്കും.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. പഠനത്തിലും കലാരംഗത്തും ഏറെ മിടുക്കിയായിരുന്ന ശ്രീനന്ദയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് നാൽപ്പതംഗ വിനോദയാത്രാ സംഘത്തിനൊപ്പമെത്തിയ ശ്രീനന്ദയെ ബാബാ ബുധൻഗിരിയിൽ വെച്ച് കാണാതായത്. തുടർന്ന് നടത്തിയ തെർമൽ ഡ്രോൺ പരിശോധനയിലാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്.

article-image

adsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed