വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസ്: സ്വപ്‌ന സുരേഷ് ഉൾപ്പെടെ ആറു പേർക്കെതിരെ സിബിഐ കുറ്റപത്രം
ഷീബ വിജയൻ
തൃശൂർ: തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. കരാർ പ്രകാരം ലഭിച്ച തുകയിൽ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പ്രളയബാധിതർക്കായി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റും ആശുപത്രി സമുച്ചയവും നിർമിക്കുന്നതിനുള്ള കരാർ കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് ബിൽഡേഴ്‌സിനും സെയിൻ വെഞ്ച്വേഴ്‌സ് കമ്പനിക്കും നൽകിയതിൽ വൻ ക്രമക്കേടുകൾ നടന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് കേസിൽ ഒന്നാം പ്രതി. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ്, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പി.എസ്. സരിത്ത് എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റു പ്രതികൾ. പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാർ പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കരയായിരുന്നു കേസിലെ പരാതിക്കാരൻ.
മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, ലൈഫ് മിഷൻ സിഇഒ ആയിരുന്ന യു.വി. ജോസ് എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഏഴാം പ്രതിയാണ് എം. ശിവശങ്കർ.
dvcfxdfsdfsdfs

