മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ: തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ കാഴ്ചകളിൽ ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന് പിന്നാലെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയിലും അമർഷവും ഞെട്ടലും രേഖപ്പെടുത്തി കേരള ഹൈക്കോടതി. കേന്ദ്രത്തിൽ നേരിട്ട് നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ, അവിടെ നിലനിൽക്കുന്ന നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒരു ഹൊറർ സിനിമയിലെ പശ്ചാത്തലത്തോട് ഉപമിക്കാവുന്ന തരത്തിലാണ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ ജൂലൈ 26-നാണ് ഹൈക്കോടതി ജഡ്ജിമാർ തൃശ്ശൂരിലെ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. രോഗികളെ അടച്ചിട്ടിരിക്കുന്ന ഐസൊലേഷൻ മുറികളെയും 'സെല്ലുകളെയും' കേന്ദ്രീകരിച്ച് രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.
"പ്രത്യേകിച്ച് ഐസൊലേഷൻ സെല്ലുകളിൽ ഞങ്ങൾ കണ്ട കാഴ്ചകൾ ഏറെ ഞെട്ടിക്കുന്നതും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല, കാരണം പതിറ്റാണ്ടുകളായി മാറ്റങ്ങളൊന്നും വരുത്താതെ തുടരുന്ന ആസൂത്രിത അനാസ്ഥയുടെ ഫലമാണിത്. ഈ രോഗികൾക്ക് ശബ്ദമില്ല. സാമൂഹിക അപമാന ഭയം കാരണം അവരുടെ ബന്ധുക്കൾക്കും പ്രതികരിക്കാൻ ഭയമാണ്" - കോടതി നിരീക്ഷിച്ചു.
ചുവരുകളിൽ പായൽ പിടിച്ചും, പെയിന്റുകൾ ഇളകിമാറിയും കിടക്കുന്ന കെട്ടിടങ്ങൾ ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. വായുസഞ്ചാരമില്ലാത്തതും ഇരുണ്ടതുമായ ചെറിയ സെല്ലുകൾ കൊളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നവയാണെന്നും, പലതിലും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും സ്വകാര്യതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
hnvfgfg

