ആനുകൂല്യങ്ങൾ നടപ്പാക്കിയെന്ന് വ്യക്തമാക്കി ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ വാട്സ്ആപ്പ് സന്ദേശം; ഡാറ്റാ ചോർച്ചയെന്ന് പ്രതിപക്ഷം


ശാരിക l കേരളം

തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിലെ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച വ്യക്തിപരമായ കത്തുകൾ വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയാണെന്നും ഡിഎ, ഡിആർ ആനുകൂല്യങ്ങൾ പൂർണ്ണമായി അനുവദിച്ചെന്നും ഓരോ ജീവനക്കാരന്റെയും പേരെടുത്ത് പരാമർശിച്ചുകൊണ്ട് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ മുഖ്യമന്ത്രി അവകാശപ്പെടുന്നു. 13 ശതമാനം ഡിഎ വർദ്ധനവിനുള്ള ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ജീവനക്കാർക്കിടയിലെ അസംതൃപ്തി പരിഹരിക്കാനാണ് ഇത്തരമൊരു വ്യക്തിഗത സന്ദേശമയയ്ക്കൽ നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. മലയാളത്തിലുള്ള കത്തിന്റെ ആമുഖത്തിൽ ജീവനക്കാരന്റെ പേര് മാത്രം ഇംഗ്ലീഷിലാണ് നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമത്തിനായി സർക്കാർ ഒപ്പമുണ്ടെന്നും കരുതൽ തുടരുമെന്നും ഇത് ഉറപ്പായ വാക്കാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ ഊന്നിപ്പറയുന്നുണ്ട്.

എന്നാൽ, മുഖ്യമന്ത്രിയുടെ ഈ കത്തെഴുത്ത് കടുത്ത സ്വകാര്യതാ ലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. ജീവനക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് അനുവാദമില്ലാതെ കൂട്ടമായി സന്ദേശങ്ങൾ അയച്ചത് ഡാറ്റാ ചോർച്ചയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' നിന്ന് വിവരങ്ങൾ ചോർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് ഈ സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.

ഭരണാധികാരികൾ തന്നെ നിയമം ലംഘിക്കുകയാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും ആരോപിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ഫോൺ നമ്പറുകൾ പ്രമോഷണൽ മെസേജുകൾ അയക്കാൻ ഉപയോഗിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. സ്പാർക്ക് പോലുള്ള ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുന്നത് കടുത്ത സ്വകാര്യതാ ലംഘനമാണെന്നാണ് കെജിഒയുവിന്റെ നിലപാട്. ഇതോടെ, ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നടത്തിയ നീക്കം സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

 

article-image

dsfgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed