ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ നിര്യാതയായി

ശാരിക
തിരുവനന്തപുരം l മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ നിര്യാതയായി. 87 വയസ്സായിരുന്നു പ്രായം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ധയായി ഡോ. മാലതി സേവനം ചെയ്തിരുന്നു. അവിടെ നിന്ന് വിരമിച്ച ശേഷം ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷൻ ആശുപത്രിയിലും ജോലി ചെയ്തു. ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്‍റെ പ്രവർത്തകയായിരുന്നു. പരേതനായ ഡോ. എ.ഡി. ദാമോദരനാണ് ഭർത്താവ്. മക്കൾ: പ്രഫ. സുമംഗല (ഡൽഹി സർവകലാശാല അധ്യാപിക), ഹരീഷ് ദാമോദരൻ (ഇന്ത്യൻ എക്സ്പ്രസ് റൂറൽ എഡിറ്റർ).
സഹോദരങ്ങൾ: ഇ.എം. രാധ, പരേതരായ ഇ.എം. ശ്രീധരൻ, ഇ.എം. ശശി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തിൽ.
sadd