മെസ്സി ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നു; മത്സരം വാംഖഡേ സ്റ്റേഡിയത്തിൽ

ഷീബ വിജയൻ
മുംബൈ I ലയണൽ മെസ്സി ഇന്ത്യയിലെത്തി ക്രിക്കറ്റ് കളിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ). ഡിസംബർ 14ന് മുംബൈയിൽ എത്തുന്ന മെസ്സി മുൻതാരങ്ങൾക്കും നിലവിലെ താരങ്ങൾക്കുമൊപ്പം ക്രിക്കറ്റ് കളിച്ചേക്കുമെന്ന് എം.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഷെഡ്യൂൾ അന്തിമമായിട്ടില്ലെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തുമെന്നും മുംബൈക്ക് പുറമെ കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളും താരം സന്ദർശിക്കുമെന്നും മുംബൈ എഫ്.സിയുടെ ട്വീറ്റും വന്നിട്ടുണ്ട്.
റിപ്പോർട്ട് ശരിയെങ്കിൽ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലിക്കും എം.എസ്. ധോണിക്കുമെതിരെ മെസ്സി പാഡണിയും. ഏഴുപേരടങ്ങുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രോഹിത് ശർമയും സചിൻ തെൻഡുൽറും ഉൾപ്പെടെയുള്ളവരും അന്നേദിവസം വാംഖഡെയിൽ എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2011നു ശേഷം ആദ്യമായാണ് മെസ്സി ഇന്ത്യയിലേക്ക് വരുന്നത്. 14 വർഷം മുമ്പ് കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്‍റീന സൗഹൃദ മത്സരം കളിച്ചിരുന്നു.
RDEFGD