നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ


ഷീബ വിജയൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്‍റ്, കോൺടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും നിർദേശം നല്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് പോലീസിന്‍റെ സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും നിപ്പ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.

മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ്പ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു. പാലക്കാട് സ്വദേശിയായ 38കാരിയുടെയും കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച് മരിച്ച 18കാരിയുടെയും സാമ്പിളുകളാണ് അയച്ചത്. ഇതിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പാലോട് സ്വദേശിനിയായ 38കാരിക്ക് നിപ്പ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് യുവതി. പനിയെത്തുടർന്ന് ഇക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഇതോടെ, മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. ജില്ലാ ഭരണകൂടം മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

article-image

ewrewrerwrewrew

You might also like

Most Viewed