ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ


 

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിച്ചു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയാണ്. ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്.

ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വര്‍ഷം തടവും വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്‌ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗ്രീഷ്മയുടെ ആത്മഹത്യശ്രമം കേസിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹമുറപ്പിച്ച ശേഷവും ഗ്രീഷ്മ ഷാരോണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ബന്ധം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചാല്‍ കമിതാവിന് വിഷം നല്‍കി കൊലപ്പെടുത്തുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമില്ലെന്നും കോടതി വ്യക്തമാക്കി.

article-image

asdadefswadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed