ഇന്നലെ പാർട്ടിയിൽ ചേർന്നതോടെ സന്ദീപ് കോൺഗ്രസായി, ഇന്ന് പാണക്കാട് പോയതോടെ യു.ഡി.എഫുമായി ;കെ. മുരളീധരൻ

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുന്നതിനെ താൻ എതിർത്തിരുന്നുവെങ്കിലും പാർട്ടി ഒരു തീരുമാനം എടുത്തതോടെ ഇനി അതേക്കുറിച്ച് ചർച്ച വേണ്ടെന്ന് കെ. മുരളീധരൻ. ‘ഇന്നലെ പാർട്ടിയിൽ ചേർന്നതോടെ സന്ദീപ് വാര്യർ കോൺഗ്രസുകാരനായി, ഇന്ന് അദ്ദേഹം പാണക്കാട് പോയി ലീഗ് നേതൃത്വത്തെ അണ്ടതോടെ അദ്ദേഹം യു.ഡി.എഫുമായി. ഇനി അദ്ദേഹത്തിന്റെ ഭൂതകാലം ചർച്ചചെയ്യേണ്ട ആവശ്യമില്ല’ -മുരളീധരൻ പറഞ്ഞു. ‘രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്‍റെ വരവിനെ ഞാൻ എതിർത്തിരുന്നത്. ഒന്നാമത്തേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. സന്ദീപ് വാര്യരുമായി എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ സന്ദീപ് വാര്യരെ ഇതുവരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണ്. നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും വന്നാലും താൻ സ്വീകരിക്കും’ - അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹം ചെയ്യുമോ എന്ന് പാർട്ടി പരിശോധിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന സന്ദീപ് സി.പി.ഐയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എതിർ പാർട്ടികൾക്ക് ഷോക്ക് നൽകി കോൺഗ്രസ് പാളയത്തിലെത്തിയത്. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ പാർട്ടിയിൽ എടുത്തതെന്നും സുധാകരൻ വ്യക്തമാക്കി. ‘‘ബി.ജെ.പിക്ക് അകത്ത് നിന്നുകൊണ്ട് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് പറഞ്ഞ എന്നോട് ‘എപ്പോൾ ബി.ജെ.പിയിൽ പോകും’ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ‘എനിക്ക് തോന്നുമ്പോൾ ബി.ജെ.പിയിലേക്ക് പോകും’ എന്ന് അന്ന് ഞാൻ രോഷാകുലനായി പറഞ്ഞത്. ഒരിക്കലും പോകില്ല എന്ന് തന്നെയാണ് അതിനർഥം. ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. ബി.ജെ.പിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ’ -സുധാകരൻ പറഞ്ഞു.
dfsdsdesw