കുടിയേറ്റക്കാരുടെ വർദ്ധനവ്; ഷിക്കാഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയർ

അനധികൃത കുടിയേറ്റക്കാരുടെ വരവ് വർധിച്ചതോടെ ഷിക്കാഗോ മേയർ ലോറി ലൈറ്റ്ഫുട്ട് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘ഞങ്ങൾ ഒരു ബ്രേക്കിങ് പോയിന്റിൽ എത്തിയിരിക്കുന്നു’– എന്നാണ് അവർ പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സിറ്റി ഹാളിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ, ഷിക്കാഗോയിലേക്ക് കുടിയേറ്റക്കാരെ ബസിൽ എത്തിച്ചതിന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിനെ മേയർ ലൈറ്റ്ഫുട്ട് രൂക്ഷമായി വിമർശിച്ചു.
നഗരത്തിൽ പുതിയതായി എത്തുന്ന കുടിയേറ്റക്കാരോ, അഭയാർഥികളോ ആയവരെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മേയർ ലൈറ്റ്ഫുട്ട് വിശദീകരിച്ചു. ഷിക്കാഗോയിലെ കുടിയേറ്റ പ്രതിസന്ധി തകർച്ചയിൽ എത്തിയിരിക്കുന്നതായി മേയർ പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് ഏർപ്പെടുത്തിയ അതിർത്തി നിയന്ത്രണങ്ങൾ കാലഹരണപ്പെട്ടതായും അവർ പറഞ്ഞു. പുതുതായി എത്തുന്നവർക്ക് അടിയന്തര പരിചരണം നൽകുന്നതിനു സംസ്ഥാനത്തിന്റെയും കുക്ക് കൗണ്ടിയുടെയും പങ്കാളിത്തത്തോടെ സിറ്റി ഒരു മൾട്ടി-ഡിപ്പാർട്ട്മെന്റൽ, സിറ്റി-വൈഡ് തന്ത്രം ഏകോപിപ്പിച്ചതായി മേയർ അറിയിച്ചു.
2022 ഓഗസ്റ്റ് മുതൽ ഇതുവരെ ഷിക്കാഗോ ഏതാണ്ട് 8000ലേറെ കുടിയേറ്റക്കാരെയാണ് സ്വാഗതം ചെയ്തത്. ആദ്യ മാസം തന്നെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ ‘ഓപ്പറേഷൻ ലോൺ സ്റ്റാർ’ വഴി 1200ലേറെ അഭയാർഥികൾ നഗരത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, ഇപ്പോഴുള്ള അഭയാർഥികളുടെ ഒഴുക്ക് വെല്ലുവിളിയാണെന്ന് മേയർ ലോറി ലൈറ്റ്ഫുട്ട് വ്യക്തമാക്കി.
bvcbcvbvc