നേപ്പാളിൽ ഭൂകന്പം; വൻ നാശനഷ്ടം; ആറ് മരണം

പടിഞ്ഞാറൻ നേപ്പാളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ വൻ നാശനഷ്ടം. ദോതി ജില്ലയിൽ വീട് തകർന്നു ആറു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജില്ലയിൽ നിരവധി വീടുകൾ തകർന്നതായി ദോതിയിലെ ചീഫ് ഡിസ്ട്രിക്ട് ഓഫീസർ കൽപന ശ്രേഷ്ഠ അറിയിച്ചു. ഇതിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതരുടെ സംശയം. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. മേഖലയിൽ 24 മണിക്കൂറിനിടെ രണ്ടു ഭൂകമ്പവും ഒരു തുടർ ചലനവും ഉണ്ടായതായി സീസ്മോളജി വകുപ്പ് അറിയിച്ചിരുന്നു.
ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളായ ലക്നോ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പട്ടിരുന്നു. ഇവിടങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂകമ്പത്തിന്‍റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ഡൽഹിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്.
duti