തായ്‌ലന്റിൽ കൂട്ടക്കൊല: കൊലയാളി മുൻ പൊലീസുകാരൻ


തായ്‌ലന്റിൽ ശിശുപരിപാലന കേന്ദ്രത്തിൽ വെടിവെപ്പിന് പിന്നിൽ തായ്‌ലന്റ് പൊലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വ്യക്തമായി. ജോലിയിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടതിലെ പകയെ തുടർന്നാണ് പ്രതി ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിച്ചത്.

വടക്കു കിഴക്കൻ തായ്‌ലൻഡിലെ ഒരു ചൈൽഡ് കെയർ സെന്ററിലാണ് ഒരാൾ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.  മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് നാം ക്ലാം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പൊലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. 

ഇന്ന് ഉച്ചക്കാണ് അതി ദാരുണമായ സംഭവം നടന്നത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി.

പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. അങ്ങേയറ്റം നിഷ്ഠൂരമായ കൂട്ടക്കൊലയാണ് പിന്നീട് നടന്നത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. 22 കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എട്ട് കുട്ടികൾ ചികിത്സയിലാണ്.

You might also like

  • Straight Forward

Most Viewed