'ഞങ്ങളുടെ പുരുഷന്മാരെ പോലെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും'; തോക്കേന്തി യുക്രൈൻ വനിത എംപി
യുക്രൈനെതിരെ റഷ്യ യുദ്ധം കടുപ്പിച്ചതോടെ ആയുധം കയ്യിലെടുത്ത് യുക്രൈൻ വനിത എംപിയും. എംപിയും വോയിസ് പാർട്ടി നേതാവുമായ കിറാ റുദിക് ആണ് രാജ്യത്തിനായി നിലകൊളളുമെന്ന് പ്രഖ്യാപിച്ചത്. തോക്കേന്തി നിൽക്കുന്ന ഫോട്ടോ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് കിറാ റുദിക് രാജ്യത്തെ സംരക്ഷിക്കാനായി നിലകൊള്ളുമെന്ന് പറഞ്ഞത്. 'താൻ തോക്ക് ഉപയോഗിക്കാൻ പഠിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയുധം കയ്യിലെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. തങ്ങളുടെ പുരുഷന്മാരെ പോലെ സ്ത്രീകളും ആയുധമേന്തി ഈ മണ്ണിന് വേണ്ടി നിലകൊള്ളും. എന്ന് തോക്കേന്തി നിൽക്കുന്ന ചിത്രത്തോടൊപ്പം കിറ റിദിക് കുറിച്ചു.
തങ്ങളുടേത് ഒരു സ്വതന്ത്ര്യ രാജ്യമാണ്. പിറന്ന മണ്ണിൽ ജീവിക്കാനായി പൊരുതാൻ ജനങ്ങളെ പ്രാപ്തരാക്കാനുളള ശ്രമം തുടരും. ഭ്രാന്തൻ സ്വേച്ഛാധിപതി പറയുന്നത് ഞങ്ങൾ നടുവിട്ടുപോകണമെന്നാണ്. എന്നാൽ തനിക്ക് കീവിൽ തന്നെ ജീവിക്കണം'.- കിറാ റുദിക് പറഞ്ഞു. 'തന്റെ വീട്ടിലെ ഗോവണിക്ക് താഴെയുളള അലമാരയെ ബങ്കറാക്കി മാറ്റിയിട്ടുണ്ട്. സൈറണുകൾ മുഴങ്ങിയാൽ മക്കളുമൊത്ത് അലമാരക്കുളളിൽ കയറുകയാണ് ചെയ്യുന്നത്. പുടിൻ സൈന്യത്തെ പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. നഗരത്തിൽ നിന്ന് പലായനം ചെയ്ത് പോയവർ ആയുധങ്ങളുമായി രാജ്യത്തെ സംരക്ഷിക്കാൻ തിരിച്ചുവരികയാണെന്നും കിറാ റുദിക് വ്യക്തമാക്കി.'
'യുദ്ധത്തിന് തുടക്കമിട്ടത് തങ്ങളെല്ല. ഓരോ പുരുഷനും സ്ത്രീയും പോരാടാൻ തയ്യാറാണ്. ഒരിക്കലും ആയുധം എടുത്തിട്ടില്ലാത്ത എന്നെപ്പോലുള്ളവര്‍ പോരാടാൻ തയ്യാറായിരിക്കുകയാണ്. കയ്യില്‍ കരുതിയ തോക്ക് തിരികെവച്ച് ദൈവത്തോട് നന്ദി പറയാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും' കിറ റുദിക് പറഞ്ഞു. മൂന്ന് ദിനങ്ങള്‍ പിന്നിട്ട റഷ്യന്‍ അധിനിവേശത്തിൽ ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് യുക്രൈന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം. കുട്ടികള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുപ്പതിലധികം കുട്ടികളാണ് ഇതിനോടകം യുദ്ധക്കെടുതിക്ക് ഇരയായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

