ബഹിരാകാശത്തേക്ക് നാസയുടെ ദൗത്യത്തിൽ മലയാളിയും

ന്യൂയോർക്: നാസയുടെ ഭാവി ബഹിരാകാശ യാത്രയിൽ മലയാളി സാന്നിദ്ധ്യം. സ്‌പേസ് എക്‌സിന്റെ വിദഗ്‌ദ്ധന്മാരടങ്ങുന്ന പത്തുപേരുടെ സംഘത്തിലാണ് ഡോ. അനിൽ മേനോൻ ഉൾപ്പെട്ടത്. നിലവിൽ അമേരിക്കൻ വ്യോമസേനയിലെ ലഫ്. കേണലും സ്‌പേസ് എക്‌സ് കന്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് 45കാരനായ അനിൽ. യു.എസിലേക്ക് കുടിയേറിയ ശങ്കരൻ മേനോന്റേയും ഉക്രൈൻകാരി ലിസ സമോലെങ്കോയുടേയും മകനാണ് അനിൽ. ഭാര്യ അന്നയും സ്‌പേസ് എക്‌സിലെ എഞ്ചിനീയറാണ്.
സ്‌പേസ് എക്‌സും നാസയും സംയുക്തമായി നടത്തുന്ന ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കായി 12000 പേരാണ് അപേക്ഷിച്ചത്. അതിൽ നിന്നാണ് ഏറ്റവും പ്രഗൽഭരായ 10 പേരെ തെരഞ്ഞെടുത്തത്. ഇതിൽ 4 പേർ വനിതകളാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷകരുണ്ടായിരുന്നു.
വിവിധ മേഖലകളിലെ സാങ്കേതിക വിദഗ്ധന്മാരാണ് എല്ലാവരുമെന്നത് ദൗത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ടെക്‌സാസിലെ ജോൺസൺ സ്‌പേസ് സെന്ററാണ് എല്ലാവരേയും പരിശീലിപ്പിക്കുന്നത്. ജനുവരി മുതൽ ആരംഭിക്കുന്ന രണ്ടു വർഷത്തെ നിരന്തര പരിശീലനങ്ങളിലൂടെയാണ് എല്ലാവരേയും തയ്യാറാക്കുന്നത്.