ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയ


കാന്‍ബെറ: അന്താരാഷ്ട്ര ബന്ധങ്ങളുടെ ഉലച്ചിലിന് മുഖ്യകാരണം ചൈനയുടെ ദുഷ്ടലാക്കെന്ന് ഓസ്‌ട്രേലിയ. അമേരിക്കയുമായി ചൈന തുടങ്ങിവെച്ച വ്യാപാര വാണിജ്യ പോരാട്ടത്തിനെ ചൊല്ലിയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ആരോപണം. മറ്റെല്ലാവരും ചൈനക്കെതിരാണെന്ന മുന്‍ധാരണയോടെയാണ് ബീജിംഗ് ഭരണകൂടം നീങ്ങുന്നത്. രാജ്യാന്തര ബന്ധങ്ങള്‍ അലങ്കോലമാക്കിയത് ചൈനയുടെ എടുത്തുചാട്ടമാണ്. പല വിഷയത്തിലും ചൈനയുടെ നയങ്ങളാണ് ലോകരാജ്യങ്ങളെ അകറ്റിയതെന്നും മോറിസണ്‍ പറഞ്ഞു.

ചൈനയ്‌ക്കെതിരെ ഓസ്‌ട്രേലിയ എടുത്തിരിക്കുന്ന നിരോധനങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് അമേരിക്ക-ചൈന അസ്വാരസ്യങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും വ്യക്തമാക്കി. ഏതു രാജ്യവും ചൈനയോട് കലഹിക്കുന്നത് അമേരിക്കയോട് ഐക്യം പ്രകടിപ്പിക്കാനാണെന്ന ധാരണ ബീജിംഗ് ആദ്യം മാറ്റണമെന്നും മോറിസണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്ക് സ്വന്തം രാജ്യതാല്‍പ്പര്യം പരമപ്രധാനമാണ്. അമേരിക്കയുടെ നയത്തോട് ചേര്‍ന്നു നില്‍ക്കുന്നതും അല്ലാത്തതുമായ നയങ്ങളുണ്ടെന്നും മോറിസണ്‍ പറഞ്ഞു. ചൈനയുടെ സൈബര്‍ ആക്രമണങ്ങളും പാര്‍ലമെന്റ് രേഖ ചോര്‍ത്തല്‍ വിവാദങ്ങളും ഓസ്‌ട്രേലിയ നേരിട്ട പ്രധാന പ്രശ്‌നങ്ങളാണ്. പെസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിലുള്‍പ്പെട്ടതോടെ ഓസ്‌ട്രേലിയക്കെതിരെ ചൈന നിരന്തരം ഭീഷണി മുഴക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോറിസണിന്റെ തുറന്നുപറച്ചില്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed