ട്രംപ് ഭരണകാലത്ത് അമേരിക്ക വിഭജിക്കപ്പെട്ടെന്ന് ഒബാമ
വാഷിംഗ്ടണ്‍ ഡിസി: ഡോണൾഡ് ട്രംപിന്‍റെ ഭരണകാലത്ത് അമേരിക്ക പലതായി വിഭജിക്കപ്പെട്ടെന്ന് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ. ജോ ബൈഡന്‍റെ വിജയം ഇതിൽ നിന്നുള്ള തിരിച്ചുവരവിന് കളമൊരുക്കുമെന്നും ഒബാമ പറഞ്ഞു. എന്നാൽ, ഈ ഒരു തവണ കൊണ്ടൊന്നും ട്രംപ് ഭരണകൂടം അമേരിക്കയിലുണ്ടാക്കിയ അന്തഛിദ്രങ്ങൾ തുടച്ചുനീക്കാനാകില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ പഴയ പ്രതാപത്തിലേക്കും ഒരുമയിലേക്കും മടക്കിക്കൊണ്ടു വരണമെങ്കിൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും ഇനി മാറ്റമുണ്ടാകണം- ഒബാമ പറഞ്ഞു.
അതുമാത്രമല്ല, രാജ്യത്തെ ജനങ്ങളിൽ ഒരുമ വളരണം. ഒരാൾ മറ്റൊരാളം കേൾക്കാനും പരിഗണിക്കാനും തയാറാകണം- അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തായാലും പുതിയ ഭരണത്തിൻ കീഴിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അമേരിക്ക പഴയ ഒരുമയിലേക്ക് തിരികെ മടങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

