ദക്ഷിണ കൊറിയൻ പൗരനെ വെടിവെച്ചുകൊന്നതിൽ ഖേദപ്രകടനവുമായി കിം ജോംഗ് ഉൻ
സിയൂൾ: ദക്ഷിണ കൊറിയൻ പൗരനെ വെടിവെച്ചുകൊന്ന നടപടിയിൽ മാപ്പ് പറഞ്ഞ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. അതിർത്തി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന യുണൈറ്റഡ് ഫ്രണ്ട് ഡിപ്പാർട്ട്മെന്‍റ് ദക്ഷിണ കൊറിയൻ പ്രസിഡണ്ട്് മൂൺ ജെ ഇന്നിനയച്ച കത്തിലാണ് ഉന്നിന്‍റെ ഖേദപ്രകടനം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് തങ്ങളുടെ സമുദ്രാതിർത്തിയിൽ ഉണ്ടായത്. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള നടപടിയിൽ ദക്ഷിണ കൊറിയൻ പൗരൻ കൊല്ലപ്പെട്ടതിൽ കിം ജോംഗ് ഉൻ ഖേദിക്കുന്നതായും കത്തിൽ വ്യക്തമാക്കി.
തങ്ങളുടെ ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈന്യം വെടിവെച്ചു കൊന്നശേഷം കത്തിച്ചെന്ന് ദക്ഷിണ കൊറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തുനിന്നും അപൂർവമായ നടപടി.
ഉത്തര കൊറിയൻ അതിർത്തിയിൽനിന്ന് ആറ് മൈൽ മാറി കടലിൽ പട്രോളിംഗ് നടത്തിയിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു ദക്ഷിണ കൊറിയയുടെ ആരോപണം. ഉത്തര കൊറിയൻ സൈന്യം പിടിച്ചുകൊണ്ടുപോയ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിനുശേഷം വെടിവെച്ചു കൊലപ്പെടുത്തി. പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
