കമല ഹാരിസിനെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു


വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ കമല ഹാരിസ് (55) അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്ക തൊഴിൽ നഷ്ടത്തിന്‍റെയും ജീവനഷ്ടത്തിന്‍റെയും രാജ്യമായി. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. 

ഏഷ്യൻ-ആഫ്രിക്കൻ പാരന്പര്യമുള്ള ഒരു വനിത ഈ പദവിയിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണൾഡ് ഹാരിസ്. കലിഫോർണിയയിൽനിന്നുള്ള സെനറ്റർ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡൻ കമലയെ വിശേഷിപ്പിച്ചത്. ആഫ്രിക്കൻ വംശജർക്കെതിരെ അമേരിക്കയിൽ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ വനിതകൾ പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആ‍യിട്ടില്ല. 2008ൽ റിപ്പബ്ലിക് പാർട്ടിയുടെ സാറാ പെയ്‌ലിൻ, 1984ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജെറാൾഡിനോ ഫെറാരോ എന്നീ വനിതകൾ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.

2016ൽ പ്രസിഡന്‍റുസ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ഹില്ലരി ക്ലിന്‍റൺ പരാജയപ്പെട്ടു. ഇന്ത്യൻ, ആഫ്രിക്കൻ വംശജർ ഡെമോക്രാറ്റിക് പാർട്ടിയുടെ വോട്ട് ബാങ്കാണ്. നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ 13 ലക്ഷം ഇന്ത്യൻ വംശജർക്ക് വോട്ടവകാശമുണ്ട്. പെൻസിൽവാനിയയിൽ രണ്ടു ലക്ഷവും മിഷിഗണിൽ 1.25 ലക്ഷവും ഇന്ത്യൻ വംശജരായ വോട്ടർമാരുണ്ട്. രണ്ടു സംസ്ഥാനങ്ങളും നിർണായകമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed