തബ്‌ലീഗ് സമ്മേളനം: 75 വിദേശികൾക്ക് ജാമ്യം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തായ്‌ലൻഡ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള 75 പേർക്ക് ഡൽഹി കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. ഓരോരുത്തരും 10,000 രൂപ കെട്ടിവയ്ക്കണമെന്ന ജാമ്യവ്യവസ്ഥയോടെയാണ് ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ഗുർമോഹിന കൗർ ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ നിസാമുദീൻ മർക്കസിൽ മാർച്ചിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് 36 രാജ്യങ്ങളിലുള്ള 956 പേർക്കെതിരേയാണ് ഡൽഹി പോലീസ് കേസെടുത്തത്.
വിസ ചട്ട ലംഘനവും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നതും ചൂണ്ടിക്കാട്ടി പകർച്ചവ്യാധി പ്രതിരോധ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. അറസ്റ്റിലായവരെ ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെ വിവിധയിടങ്ങളിലായി പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീസ റദ്ദാക്കിയിട്ടുണ്ട്. 445പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചു.

