മോദിയുടെ ലഡാക്ക് സന്ദർശനം: സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പുമായി ചൈന
ബെയ്ജിംഗ്: അതിർത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് മുന്നറിയിപ്പുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനത്തിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്. സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ ഇന്ത്യയുമായി നടന്നുവരികയാണ്. അതിനാൽ സ്ഥിതിഗതികൾ വഷളാക്കുന്ന പ്രവർത്തനങ്ങളിൽ ഒരു കക്ഷിയും ഏർപ്പെടരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ആശയവിനിമയത്തിലും ചർച്ചകളിലുമാണ്. ഈ ഘട്ടത്തിൽ സ്ഥിതിഗതികൾ വഷളാക്കുന്ന ഒരു പ്രവർത്തനത്തിലും ഒരു കക്ഷിയും ഏർപ്പെടരുത്− അദ്ദേഹം പറഞ്ഞു.

