പ്രതിഷേധത്തിനിടെ വ്യാപക അക്രമം; ചിലിയൻ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
സാന്‍റിയാഗോ: മെട്രോ നിരക്കുകൾ വർദ്ധിപ്പിച്ചതിനെതിരേ ചിലിയൻ തലസ്ഥാനമായ സാന്‍റിയാഗോയിൽ നടക്കുന്ന സമരം അക്രമാസക്തമായി. സംഭവത്തിൽ പ്രസിഡണ്ട് സെബാസ്റ്റ്യൻ പിനേര നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിൽ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങൾ വരുത്തി. പ്രതിദിനം മുപ്പതു ലക്ഷത്തിനടുത്തു പേർ യാത്ര ചെയ്യുന്ന സാന്‍റിയാഗോ മെട്രോ സർവീസ് വെള്ളിയാഴ്ച ഉച്ചയ്ക്കു നിലച്ചു. പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിടുകയും റോഡുകൾ ഉപരോധിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു. ചിലിയൻ ഇലക്‌ട്രിക് കന്പനി എനെലിന്‍റെ ബഹുനില ഓഫീസിനും തീയിട്ടു. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. 180 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ 57 പോലീസുകാർക്കു പരിക്കേറ്റു.
ക്രമസമാധാനം ഉറപ്പുവരുത്താനാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതെന്ന് പ്രസിഡണ്ട് പിനേര പറഞ്ഞു. പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സർക്കാർ തയാറാണെന്നും അറിയിച്ചു. ഈ മാസം ആദ്യമാണ് മെട്രോ നിരക്കുകൾ വർദ്ധിപ്പിച്ചത്. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നഗരത്തിലെ ജീവിതച്ചെലവു വർദ്ധിച്ചതടക്കമുള്ള കാരണങ്ങളും പ്രതിഷേധത്തിനു പിന്നിലുണ്ട്. നൂറുകണക്കിനു പേരാണ് സാന്‍റിയാഗോയിലും സമീപ നഗരങ്ങളിലും പ്രതിഷേധിക്കുന്നത്. അക്രമത്തിനൊപ്പം മോഷണവും നടക്കുന്നതായി പ്രസിഡണ്ട് പിനേര കുറ്റപ്പെടുത്തി. കറൻസി വിനിമയത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതു മൂലമാണ് ഗതാഗത നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവന്നത്. നഗരത്തിൽ നാശനഷ്ടം വരുത്തുന്നവരെ അടിയന്തരാവസ്ഥ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

