സൈബീരിയയിൽ അണക്കെട്ട് തകർന്ന് 15 മരണം


മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ അനധികൃതമായി നിർമ്മിച്ച അണക്കെട്ട് തകർന്ന് 15 മരണം. 13 പേരെ കാണാതായി. മോസ്കോയിൽനിന്ന് 4000 കിലോമീറ്റർ അകലെ ക്രാസ്നോയാർസ്കിൽ ഇന്നലെ പുലർച്ചെയായിരുന്നു ദുരന്തം. 14 പേരെ ആശുപത്രിയിലാക്കി. മൂന്നുപേരുടെ നില ഗുരുതരമാണ്. സിബ്സൊലോട്ടോ എന്ന സ്വർണഖനി കന്പനി സെയ്ബ നദിക്കു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് തകർന്നത്. കനത്ത മഴയാണ് അണക്കെട്ടു തകരാൻ കാരണമെന്നു കരുതുന്നു. തൊഴിലാളികൾ താമസിച്ചിരുന്ന ഉറപ്പില്ലാത്ത കാബിനുകളിലേക്ക് ചെളിവെള്ളം ഇരച്ചുകയറുകയായിരുന്നു.

കാടിനും മലകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ വിദൂര മേഖലയിൽ 180 പേർ മാത്രമാണ് താമസം. ദുരന്തമേഖലയിലെ കാബിനുകളിൽ 80 തൊഴിലാളികൾ താമസിച്ചിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളുമായി മുന്നൂറംഗ സംഘത്തെ രക്ഷാപ്രവർത്തനത്തിന് അയച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. അനധികൃതമായി നിർമ്മിച്ച നാല് അണക്കെട്ടുകൾ ഇവിടെയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താനും ദുരന്തബാധിതരെ സഹായിക്കാനും പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed