വിലക്ക് നീക്കിയതോടെ 27 അടിയുള്ള തിമിംഗലത്തെ പിടിച്ച് ജപ്പാൻ വേട്ട ആരംഭിച്ചു


ടോക്കിയോ: തിമിംഗല വേട്ടയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് നീക്കിയതോടെ ജപ്പാനിൽ വീണ്ടും തിമിംഗല വേട്ട. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് തിമിംഗല വേട്ടയ്ക്കുള്ള നിരോധനം നീക്കിയത്. ഇതിന് പിന്നാലെ വടക്കൻ ജപ്പാനിലെ കുഷിരോ പട്ടണത്തിൽ‍ നിന്നും കടലിൽ‍ പോയ അഞ്ചു കപ്പലുകളിൽ‍ ഒന്നാണ് ഭീമൻ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി നീളമുള്ള തിമിംഗലത്തേയും കൊണ്ടാണ് കപ്പൽ തിരിച്ചെത്തിയത്. ഭീമൻ തിമിംഗലത്തെ കരയിലേക്ക് മാറ്റുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തിമിംഗലത്തെ കരയ്‌ക്കെത്തിക്കും മുന്പ് തന്നെ വയറുകീറി രക്തം കടലിൽ‍ ഒഴുക്കി കളഞ്ഞിരുന്നു. തിമിംഗലത്തെ ദീർ‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി വേട്ടക്കാർ നടപ്പാക്കുന്നത്. തിമിംഗലത്തെ ആഘോഷത്തോടെ കരയ്‌ക്കെത്തിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. 

പരന്പരാഗത സമുദായങ്ങളുടെ ദീർ‍ഘകാല പാരന്പര്യ തൊഴിലായിരുന്നു തിമിംഗല വേട്ടയെന്നും ശാസ്ത്രീയ’ ഗവേഷണ ആവശ്യങ്ങൾ‍ക്കായി തിമിംഗല വേട്ട നടത്താമെന്നും ജപ്പാൻ രാജ്യാന്തര തിമിംഗല കമ്മിഷനിൽ‍ (ഐഡബ്ല്യുസി) വാദിച്ചിരുന്നുവെങ്കിലും മറ്റുരാജ്യങ്ങൾ നിലപാട് തള്ളി. കഴിഞ്ഞ വർ‍ഷം ജപ്പാൻ‍ ഐ.ഡബ്ല്യു.സിയിൽ നിന്നു പിന്മാറിയതോടെയാണ് വീണ്ടും വേട്ടയ്ക്കു കളമൊരുങ്ങിയത്. ജാപ്പനീസ് തിമിംഗലങ്ങളുടെ നാശത്തിന്റെ തുടക്കമാണ് ഐഡബ്ല്യുസിയിൽ നിന്നുള്ള ജപ്പാന്റെ പിൻമാറ്റമെന്നും സന്നദ്ധ സംഘടനകൾ‍ പറയുന്നു.

ഡിസംബർ‍ വരെ 227 തിമിംഗലങ്ങളെ കൊല്ലാനാണ് കപ്പലുകൾക്ക് അനുമതിയെന്ന് ജപ്പാനിലെ സർ‍ക്കാർ‍ വൃത്തങ്ങളെ ഉദ്ധരിച്ച്  വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നൂറ്റാണ്ടുകളായി തിമിംഗല വേട്ട നടത്തുന്ന രാജ്യമാണ് ജപ്പാൻ. പിന്നിട്ട ദശകങ്ങളിൽ‍ ഉപഭോഗം ഗണ്യമായി കുറയുകയായിരുന്നു. അതേസമയം, നിരോധനം നീക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed