അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ഇറാൻ; ആക്രമിച്ചാൽ അരമണിക്കൂറിനകം ഇസ്രയേലിനെ തകർക്കും
ടെഹ്‌റാന്‍∙ അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശനയ കമ്മിഷന്‍ ചെയര്‍മാന്‍ മൊജ്താബ സൊന്നൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഞങ്ങളെ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ആയുസ്സ് പിന്നെ അരമണിക്കൂര്‍ മാത്രമേ നീളൂവെന്ന് മൊജ്താബ വ്യക്തമാക്കി. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് മൊജ്താബയുടെ പ്രസ്താവന.
ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തടയുമായിരുന്നില്ല. പ്രസിഡണ്ട് ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു.
മധ്യപൂർവദേശത്ത് യുഎസ്–ഇറാൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സഖ്യത്തോടൊപ്പം നിൽക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാട് രാജ്യാന്തരതലത്തിലും ആശങ്ക ശക്തമാക്കി. ആയുധ നിർമാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങുകയാണെന്നു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ സിറിയയിലെ സൈനികത്താവളങ്ങൾ തകർത്തതാണ് ഇറാനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒട്ടേറെ സാധാരണക്കാരും ഇറാൻ സൈനികരും കൊല്ലപ്പെട്ടതായാണ് ഇറാന്റെ ആരോപണം.

