ലോകത്തെ ഈറനണിയിച്ച് കുടിയേറ്റത്തിന്റെ ദുരന്തമുഖമായി മുങ്ങിമരിച്ചു കിടക്കുന്ന അച്ഛനും മകളും
അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തിയിലെ റിയോ ഗ്രാന്റേ നദീതീരത്ത് കണ്ടെത്തിയ ഒരു പിതാവിന്റെയും പിഞ്ചു കുഞ്ഞിന്റെയും ചിത്രം സാമൂഹ്യ സൈറ്റുകളില്‍ വ്യാപകമായി പടരുകയാണ്.
ലോകത്തെ കണ്ണണീരണിയിച്ച് കുടിയേറ്റത്തിന്റെ ദുരന്തമുഖമായിഎല്‍സാല്‍വദോര്‍കാരനായ പിതാവും പിഞ്ചുകുഞ്ഞായ മകളും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്‌ക്കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടീനസ് റാമിറസ് എന്നയാളും മകള്‍ വലേരിയയുമാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളുടെ ചിത്രങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസം മെക്‌സിക്കന്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത്.
പിതാവിന്റെ കറുത്ത ടീഷര്‍ട്ടിനുള്ളിലേക്ക് കയറി കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് വലേരിയ കാണപ്പെടുന്നത്. അഭയാര്‍ത്ഥിയായി കരുതാനുള്ള അപേക്ഷ യുഎസ് അധികൃതര്‍ അവഗണിച്ച സാഹചര്യത്തില്‍ കുടുംബവുമായി കുറുകെ നീന്താന്‍ റാമിറസ് സാഹസം കാട്ടുകയായിരുന്നു എന്നാണ് മെക്‌സിക്കന്‍ പത്രങ്ങളുടെ ഭാഷ്യം.
സിറിയന്‍ കുടിയേറ്റത്തിന്റെ രക്തസാക്ഷിയായി കടല്‍തീരത്തെ പൂഴിമണ്ണില്‍ മുഖംപൂഴ്ത്തി കിടക്കുന്ന പിഞ്ചുബാലന്‍ അയ്‌ലാന്‍ കുര്‍ദ്ദിയുടെ രൂപം ഇപ്പോഴും ലോകത്തെ ഈറനണിയിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനോടൊപ്പം ഈപിതാവും പിഞ്ചു കുഞ്ഞും കുടിയേറ്റത്തിന്റെ ദുരന്തമുഖമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പടരുകയാണ്..

