ഐ.എം.എഫിൽ നിന്ന് കടമെടുക്കാനുള്ള തീരുമാനത്തിനെതിരെ അർജന്റീനയിൽ പ്രതിഷേധം
ബ്യൂണസ് ഐറീസ് : രാജ്യത്ത് ഉടലെടുത്ത സാന്പത്തിക പ്രതിസന്ധി തരണം ചെയ്യാനും പണപ്പെരുപ്പം ഉയരുന്നതിന് തടയിടാനും വേണ്ടി ഐ.എം.എഫുമായി അർജന്റീന മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടു. 50 ബില്യൻ ഡോളറാണ് അർജന്റീന ഐ.എം.ഫിൽ നിന്ന് കടമെടുക്കുന്നത്. ഇതിനെതിരെ ഐ.എം.എഫിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി.
അർജന്റീനയുടെ വിപണിയിലെ അപകടകരമായ സാന്പത്തിക നില തരണം ചെയ്യാനും പണപ്പെരുപ്പം ഉയരുന്നതിന് തടയിടാനും വേണ്ടിയാണ് ഐ.എം.എഫിന്റെ സഹായം തോടാൻ സർക്കാർ തയ്യാറായത്. അർജന്റീനയുടെ പണപ്പെരുപ്പം തടയാൻ ഐ.എം.എഫ് സഹായം കൊണ്ട് കഴിയുമെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് പറഞ്ഞു.
ഐ.എം.എഫിൽ നിന്നും കടമെടുക്കാനുള്ള തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അർജന്റീനയിൽ നടക്കുന്നത്. 2001−2002 കാലയളവിൽ അർജന്റീനയിലുണ്ടായ വലിയ സാന്പത്തിക പ്രതിസന്ധിക്ക് കാരണം ഐ.എം.എഫിന്റെ തെറ്റായ നയങ്ങളാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അന്നത്തെ പ്രതിസന്ധിയെ തുടർന്ന് വർഷങ്ങളായി ഐ.എം.എഫിനെ അവഗണിച്ചായിരുന്നു അർജന്റീന സർക്കാർ മുന്നോട്ടു പോയിരുന്നത്. വീണ്ടും ഐ.എം.എഫിന്റെ നയങ്ങൾ പിന്തുടരുന്നതോടെ രാജ്യത്തെ സാന്പത്തിക അസമത്വം വർദ്ധിക്കുമെന്നാണ് ഐ.എം.എഫിനെ എതിർക്കുന്നവർ പറയുന്നത്.



