ബംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു


ഷീബ വിജയൻ I കേരളം

ബംഗളൂരു: ബംഗളൂരു ശിവാജി നഗറിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച മൃതദേഹങ്ങൾ രാമമംഗലത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ ആകെ ഏഴുപേരാണ് മരിച്ചത്.

രാമമംഗലത്ത് നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഏഴ് പേരിൽ മൂന്ന് പേർ മലയാളികളാണ്. പ്രീത, സിജി, മായ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പർച്ചേയ്‌സിനായി ശിവാജി നഗറിലെത്തിയപ്പോഴായിരുന്നു ദുരന്തം. മഴ പെയ്തപ്പോൾ ആശുപത്രി മതിലിനോട് ചേർന്ന് കെട്ടിയ ടാർപോളിൻ ഷീറ്റിന് താഴെ കയറി നിന്നവരുടെ മേലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

സംഭവത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. വിനോദയാത്രയ്ക്ക് പോയ സംഘം അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടതിന്റെ ഞെട്ടലിലാണ് രാമമംഗലം ഗ്രാമം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed