പച്ചക്കറി വിലയിൽ 60 ശതമാനത്തിന്റെ കുറവ്
മനാമ : സെൻട്രൽ മാർക്കറ്റിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും ചില്ലറ വില 60 ശതമാനം വരെ കുറഞ്ഞു. ഇടത്തരക്കാർക്കും, താഴ്ന്ന വരുമാനക്കാർക്കും ആശ്വാസകരമാണ് പുതിയ വില. റമദാൻ അവസാനിച്ച് ഏതാനും ദിവസം പിന്നിട്ടതോടെ ബഹ്റൈനിലെ പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും വില സാധാരണ നിലയിലേയ്ക്കെത്തി. റമദാൻ ദിനങ്ങളിൽ ആവശ്യക്കാരുടെ എണ്ണം ഉയർന്നതോടെ ക്രമാധീതമായി വിലയും ഉയർന്നിരുന്നു.
റമദാൻ ദിനങ്ങളിൽ 10 കിലോ വെള്ളരിക്ക അടങ്ങിയ ബോക്സിന് 3.500 ബഹ്റൈൻ ദിനാർ വിലയായിരുന്നത് റമദാൻ അവസാനിച്ചതോടെ 900 ഫിൽസ് ആയി കുറഞ്ഞു. കോളിഫ്ളവർ വില 3.5 ബഹ്റൈൻ ദിനാറിൽനിന്നും 1.5 ബഹ്റൈൻ ദിനാറായി കുറഞ്ഞു. ക്യാബേജ് വില 4 ബഹ്റൈൻ ദിനാറിൽനിന്നും 1.5 ബഹ്റൈൻ ദിനാറായി കുറഞ്ഞു.
വെളുത്തുള്ളി വില 800 ഫിൽസിൽനിന്ന് 200 ഫിൽസായും, നാരങ്ങയുടെ വില 800 ഫിൽസിൽനിന്ന് 500 ഫിൽസായും, ഇഞ്ചിയുടെ വില 800 ഫിൽസിൽനിന്ന് 300 ഫിൽസായും, തക്കാളിക്ക് 500 ഫിൽസിൽനിന്ന് 150 ഫിൽസായും വില കുറഞ്ഞു. 3 കിലോഗ്രാം മത്തങ്ങയ്ക്ക് 1 ബഹ്റൈൻ ദിനാറിൽനിന്നും 800 ഫിൽസായും വഴുതനങ്ങ ഒരു പെട്ടിക്ക് 1.2 ബഹ്റൈൻ ദിനാറിൽനിന്നും 800 ഫിൽസായും, 4 കിലോ സവാളയ്ക്ക് 1 ബഹ്റൈൻ ദിനാറിൽനിന്നും 600 ഫിൽസായും, 4 കിലോ ഉരുളക്കിഴങ്ങിന് 1 ബഹ്റൈൻ ദിനാറിൽനിന്നും 800 ഫിൽസായും, ക്യാരറ്റിന് 1.3 ബഹ്റൈൻ ദിനാറിൽനിന്നും 1 ബഹ്റൈൻ ദിനാറായും വില കുറഞ്ഞു.
സീസൺ ഞങ്ങൾ ചൂഷണം ചെയ്യുകയല്ലെന്നും ഡിമാന്റ് വർദ്ധിക്കുന്നതോടെ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നതും ഡിമാന്റ് കുറയുന്പോൾ വിലയിൽ ഇടിവ് ഉണ്ടാകുന്നതും സാധാരണമാണെന്നും വ്യാപാരിയായ ഹുസൈൻ മുഹമ്മദ് പറഞ്ഞു. റമദാനിൽ വിലക്കയറ്റം സൃഷ്ടിക്കാനായി വൻതോതിൽ പഴങ്ങളും പച്ചക്കറികളും നശിപ്പിച്ചതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മുനിസിപ്പൽ തൊഴിലാളികൾ പ്രതിദിനം മൂന്ന് വലിയ ട്രക്കുകളിൽ ടൺകണക്കിന് പഴങ്ങളും പച്ചക്കറികളും ഉപേക്ഷിച്ചതായി സ്ഥിരീകരിച്ചിരുന്നു.



