തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രതിഷേധ റാലി
വാഷിംഗ്ടൺ : തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രതിഷേധറാലി. വാഷിംഗ്ടണിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഫിലാഡൽഫിയ, ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800ലേറെ ചെറു റാലികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ നേതൃത്വം നൽകിയ മാർച്ചിൽ തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ഇനിയും വൈകാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ഫ്ളോറിഡയിലെ സ്കൂളിൽ കഴിഞ്ഞ മാസം നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ഇനിയും വൈകാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയാണ് കുട്ടികളും, രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിന്റെ നാനാതുറയിലുളളവരും പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്ളോറിഡയിലെ പാർക്ക്‌ലാൻഡ് ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ 17 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ വെടിവയ്പുണ്ടാകുമെന്ന് ഭയന്നാണ് തങ്ങൾ ഓരോരുത്തരും കഴിയുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
തോക്ക് അമേരിക്കയുടെ ശബ്ദമായി മാറിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. അടിക്കടി വെടിവെപ്പുകൾ ഉണ്ടായിട്ടും നിയന്ത്രണത്തിനോ നിയമം കൊണ്ടുവരാനോ ഭരണാധികാരികൾ പരാജയപ്പെടുന്നെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ‘ഒന്നുകിൽ ജനങ്ങളെ പ്രതിനിധീകരിക്കുക, അല്ലെങ്കിൽ ഇറങ്ങിപ്പോകുക. ഒന്നുകിൽ ഞങ്ങൾക്കൊപ്പം നിൽക്കുക അല്ലെങ്കിൽ കരുതലോടെയിരിക്കുക, വോട്ടർമാരാണു വരുന്നത്...’ എന്ന മുന്നറിയിപ്പാണ് പ്രതിഷേധ പ്രകടനം ട്രംപ് ഭരണകൂടത്തിനു നൽകുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപിനു മറുപടി കൊടുക്കുമെന്നും പ്രകടനത്തിനെത്തിയ ഒട്ടേറെ പേർ മാധ്യമങ്ങളോട് പറഞ്ഞു. മൗറിഷ്യസിലും ലണ്ടനിലും സ്റ്റോക്കോമിലും സിഡ്നിയിലും സമാന പ്രകടനങ്ങൾ നടന്നു. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ സമരത്തിനു പിന്തുണയുമായി രംഗത്തെത്തി.
അതേസമയം തോക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നു. വെടിവെച്ചാൽ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിർക്കുന്നവരുടെ വാദം.

