ഇറാ­ഖിൽ‍ ഐ.എസ് ഭീ­കരർ‍ തട്ടി­ക്കൊ­ണ്ടു­പോ­യ 39 ഇന്ത്യക്കാ­രും‍‍ കൊ­ല്ലപ്പെ­ട്ടു


ന്യൂഡൽ‍ഹി : ഇറാഖിൽ‍ ഐ.എസ് ഭീകരർ‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഇവർ‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് രാജ്യസഭയിൽ‍ അറിയിക്കുകയായിരുന്നു. 2014ലാണ് മൊസൂളിൽ‍ നിന്ന് ഇവരെ ഐ.എസ് ഭീകരർ‍ തട്ടിക്കൊണ്ടുപോയത്. 

ഇറാഖിലെ മൊസൂളിലെ കൂട്ടശവക്കുഴിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇറാഖ് സർക്കാരിന്റെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ഡി.എൻ.എ പരിശോധന നടത്തുകയുമായിരുന്നു. ഡി.എൻ.എ പരിശോധനയ്ക്ക് വേണ്ടിയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഡി.എൻ.എ നേരത്തെ ശേഖരിച്ചതെന്നും സുഷമ പറഞ്ഞു. 38 മൃതദേഹങ്ങളും ആരുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാന മൃതദേഹത്തിന് എഴുപത് ശതമാനത്തോളം സാമ്യം കണ്ടെത്താനും സാധിച്ചു. ഇന്നലെയാണ് ‍‍ഡി.എൻ.എ പരിശോധനയുടെ ഫലം കിട്ടിയത്. കൂട്ടശവക്കുഴികൾ കണ്ടെത്തി അതിൽ നിന്ന് തെളിവ് കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കുഴിയിലുണ്ടായിരുന്നത്. അതിൽ നിന്ന് ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ വേർതിരിച്ചെടുത്ത് ബാഗ്ദാദിലേക്ക് കൊണ്ടുവരികയെന്നത് കഠിന പ്രയത്നം തന്നെ ആയിരുന്നു. ഈ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അദ്ഭുതാവഹമായ പ്രവർത്തനങ്ങളാണു കാഴ്ച വെച്ചത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ ബഗ്ദാദിൽനിന്നു വി.കെ സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിക്കും. അദ്ദേഹം ഇതിനായി ഇറാഖിലേക്ക് പോകും. മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനം ആദ്യം അമൃത്സറിലേക്കും തുടർന്ന് പട്ന, കൊൽക്കത്ത എന്നിവടങ്ങളിലേക്കുമെത്തും. അതാതു സംസ്ഥാനങ്ങളിലെ ആൾക്കാരുടെ മൃതദേഹങ്ങൾ അവിടെയെത്തിക്കുെമന്നും സുഷമ പറഞ്ഞു. അതേസമയം, മരിച്ച ഇന്ത്യക്കാർക്ക് ആദരമർപ്പിച്ചു രാജ്യസഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു.

ഐ.എസിന്‍റെ ശക്തികേന്ദ്രമായിരുന്ന മൊസൂളിൽ നിന്ന് 2014−ൽ ആണ് ഇന്ത്യൻ തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ബിഹാർ, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. ഐ.എസ് തട്ടിക്കൊണ്ടുപോയ ഇവരെക്കുറിച്ച് ഒരു വിവരവും പിന്നീട് ലഭിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ നിരവധി ഇടപെടലുകൾ ഇറാഖിൽ നടത്തിയെങ്കിലും പ്രാദേശിക ഭരണകൂടത്തിനും ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. മൊസൂളിലെ കെട്ടിട നിർമാണ കന്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെതന്നെ അവരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് ഐ.എസ് ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഹർജിത് മാസിഹ് എന്ന ഇന്ത്യക്കാരൻ നേരത്തെ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed