മയക്കുമരുന്ന് കടത്തുകാർക്ക് വധശിക്ഷ നൽകണമെന്ന് ട്രംപ്
സോൾ : മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ തുറന്നടിച്ചത്. ഒപിയോയിഡിന്‍റെ ഉപയോഗം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് ന്യൂ ഹാംഷെയർ.
മയക്കുമരുന്ന് കടത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമഭേദഗതിക്കുള്ള ശ്രമം നടത്തുകയാണ് സർക്കാർ. എന്നാൽ ഇതിനെതിരെ കടുത്ത രാഷ്ട്രീയ, ജുഡീഷ്യൽ എതിർപ്പുകളാണ് നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് കടത്തുകാർക്കെതിരെ വധശിക്ഷ ഉൾപ്പെടെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ നമ്മൾ സമയം പാഴാക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മയക്കുമരുന്നിന്‍റെ അമിതോപയോഗം നിമിത്തം 2016ൽ അമേരിക്കയിൽ 64,000 പേർ മരിച്ചുവെന്ന് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നൽകിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

