സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ലെന്ന് നിതീഷ് കുമാർ
പാറ്റ്ന : കൂട്ടുകക്ഷിയായ ബി.ജെ.പിക്കെതിരേ ഒളിയന്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രണ്ടു കേന്ദ്രമന്ത്രിമാരുടെ വർഗീയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നിതീഷ്, താൻ സമാധാനവും സഹിഷ്ണുതയുമാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ബിഹാറിനു പ്രത്യേക പദവി എന്ന ആവശ്യം അദ്ദേഹം വീണ്ടും ഉന്നയിച്ചു. ഓർക്കുക, അഴിമതിയോടു ഞാൻ സന്ധി ചെയ്താലും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല. ഞാൻ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനിൽക്കുന്നത്. സ്നേഹം, അനുകന്പ, സാമുദായിക മൈത്രി എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നു ഞാൻ ഓർമിപ്പിക്കട്ടെ− നിതീഷ് പറഞ്ഞു.
ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ബി.ജെ.പിയെകുറിച്ചുള്ള ധാരണ മാറ്റാൻ പ്രയത്നിക്കണമെന്ന കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ പരാമർശത്തെ നിതീഷ് പിന്തുണച്ചു. ന്യൂനപക്ഷവിരുദ്ധ−വർഗീയ പരാമർശങ്ങൾ നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗിനും അശ്വിനി ചൗബേയ്ക്കുമെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം ബിഹാർ നിയമസഭയിൽ വൻ പ്രതിഷേധമുയർത്തിയിരുന്നു. അരാരിയ ഉപതിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർഥി ജയിച്ചാൽ മണ്ധലം തീവ്രവാദികളുടെ കേന്ദ്രമാകുമെന്നായിരുന്നു ഗിരിരാജ് സിംഗിന്‍റെ പരാമർശം. ഉപതിരഞ്ഞെടുപ്പിലേറ്റ തോൽവിക്കു പിന്നാലെയാണ് നിതീഷിന്‍റെ വർഗീയവിരുദ്ധ മനംമാറ്റമെന്നതും ശ്രദ്ധേയമാണ്.

