ദക്ഷിണാഫ്രിക്കയിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഉംറ്റാറ്റ : ദക്ഷിണാഫ്രിക്കയിൽ അജ്ഞാതർ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചു. മലയാളിയും വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക് കുമാർ വേലായുധനെയാണ് അജ്ഞാതർ കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചത് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് താമസസ്ഥലത്തുനിന്നും അശോക് കുമാറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിവച്ച് കൊലപ്പെടുത്തിയ ശേക്ഷം അശോക് കുമാറിന്റെ തന്നെ കാറിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് അശോക് കുമാറിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ അടുത്തുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങി കാറിൽ വീട്ടിലേക്കു മടങ്ങിയെത്തുന്പോഴായിരുന്നു സംഭവം.
ഉംറ്റാറ്റയിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിൽ എഞ്ചിനീയറായ അശോകൻ സ്വന്തം കൺസ്ട്രക്ഷൻ കന്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയർ സ്കൂളിന്റെയും ഉടമയാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകൻ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്.

