സിറിയയിലെ അഫ്രീൻ നഗരം തുർക്കി സൈന്യം പിടിച്ചെടുത്തു
അങ്കാറ : കുർദുകളെ തുരത്തി സിറിയയിലെ അഫ്രിൻ നഗരം കുർദ് പോരാളികളിൽ നിന്ന് തുർക്കി പിടിച്ചെടുത്തു. അഫ്രിനിൽ രാജ്യത്തിന്‍റെ പതാക സ്ഥാപിച്ചതായി പ്രസിഡണ്ട് റജബ് തയിബ് എർദോഗാൻ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കുർദ് നിയന്ത്രണത്തിലായിരുന്ന നഗരം തുർക്കി സേനയും ഫ്രീ സിറിയൻ ആർമിയും പിടിച്ചെടുത്തത്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.30നാണ് സൈന്യം അഫ്രിനിന്‍റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് പ്രസിഡണ്ട് എർദോഗാൻ പറഞ്ഞു. എങ്കിലും സൈന്യം മേഖലയിൽ തെരച്ചിൽ നടത്തുന്നുണ്ട്. തുർക്കി സേനയുടെ പോരാട്ടം ആരംഭിച്ചത് മുതൽ 3,603 തീവ്രവാദികളെ ഇല്ലാതാക്കാൻ സാധിച്ചെന്നാണ് എർദോഗാന്റെ അവകാശവാദം. അഫ്രിനിൽ ഉണ്ടായിരുന്നു കുർദ് പ്രതിമകൾ ബുൾഡോസർ ഉപയോഗിച്ച് സൈന്യം തകർത്തിട്ടുണ്ട്. സിറിയയുടെ വടക്കുപടിഞ്ഞാറൻ നഗരമായ അഫ്രിനിൽ ജനുവരിയിലാണ് തുർക്കി സൈന്യവും ഫ്രീ സിറിയൻ ആർമിയും കുർദുകൾക്കെതിരായ പോരാട്ടം ആരംഭിച്ചത്.
അഫ്രീനിൽ നിന്ന് അടുത്തനാളുകളിൽ രണ്ടുലക്ഷത്തോളം സിവിലിയന്മാർ ഒഴിഞ്ഞുപോയെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഇന്നലെയും നിരവധി പേർ വാഹനങ്ങളിലും മോട്ടോർബൈക്കുകളിലുമായി സിറിയൻ സേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു പലായനം ചെയ്തു. ഐ.എസ് ഉൾപ്പെടെയുള്ള ഭീകരഗ്രൂപ്പുകൾക്ക് എതിരേ പോരാടുന്നതിനു കുർദുകളുടെ സഹായം അമേരിക്ക ഉപയോഗപ്പെടുത്തുന്നുണ്ട്. സിറിയയിലെ കുർദുകൾക്ക് എതിരെ തുർക്കി സൈനിക നടപടിക്കു മുതിർന്നത് അമേരിക്ക −തുർക്കി ബന്ധം വഷളാക്കിയിരുന്നു.
ഇതിനിടെ 2012 മുതൽ വിമത നിയന്ത്രണത്തിലുള്ള ഈേസ്റ്റൺ ഗൂട്ടായിൽ സിറിയൻ സൈന്യം മുന്നേറ്റം തുടരുകയാണ്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപമുള്ള ഈസ്റ്റേൺ ഗൂട്ടായിലെ ഒരു പട്ടണം കൂടി ഇന്നലെ സിറിയൻ സൈന്യം കൈയടക്കി. ഈസ്റ്റേൺ ഗൂട്ടായുടെ 80 ശതമാനം പ്രദേശം സിറിയൻ സൈന്യത്തിന്‍റെ പിടിയിലായെന്നു ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
അതേസമയം സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസദ് കിഴക്കൻ ഗൂട്ടായിൽ സന്ദർശനം നടത്തി. ഗൂട്ടായിൽ സൈന്യത്തെ വിന്യസിച്ച മേഖലകളിൽ ഞായറാഴ്ചയാണ് അസദ് സന്ദർശനം നടത്തിയത്. ഗൂട്ടായിലെ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസദ് സൈന്യത്തെ വിന്യസിച്ചിരിക്കുന്ന മേഖലകളിൽ സന്ദർശനം നടത്തിയത്.

