പകരത്തിന് പകരം : ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി
മോസ്്കോ : മുൻചാരനും മകൾക്കുമെതിരായ രാസവിഷപ്രയോഗത്തിന് പിന്നിൽ റഷ്യയാണെന്നാരോപിച്ചുള്ള ബ്രിട്ടന്റെ പ്രതികാരനടപടിക്ക് ചുട്ടമറുപടിയുമായി റഷ്യ. 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പുറത്താക്കിയതിന് മറുപടിയായി 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. ഇന്നലെ ബ്രിട്ടീഷ് അംബാസഡർ ലാറി ബ്രിസ്റ്റോയെ റഷ്യൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. തുടർന്നാണ് പ്രതികാര നടപടികൾ പ്രഖ്യാപിച്ചത്. സംസ്‌കാരിക, ശാസ്‌ത്ര സഹകരണത്തിനുള്ള സംഘടനയായ ബ്രിട്ടീഷ് കൗൺസിൽ അടയ്‌ക്കാനുത്തരവിട്ടതായും സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയം വീണ്ടും തുറക്കാനുള്ള ധാരണ അവസാനിപ്പിക്കാൻ തീരുമാനിച്ചതായും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളോട് ഒരാഴ്‌ചക്കുള്ളിൽ റഷ്യ വിടാനാണ് ഉത്തരവ്.
ബ്രിട്ടൻ അഭയം നൽകിയ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനുനേരെയുണ്ടായ രാസവിഷപ്രയോഗത്തിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതികാര നടപടി പ്രഖ്യാപിച്ചത്. സംഭവത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് അലങ്കോലമാക്കുകയെന്ന ലക്ഷ്യവും ബ്രിട്ടന്റെ നീക്കത്തിന് പിന്നിലുണ്ടെന്നും ക്രെംലിൻ ചൂണ്ടിക്കാട്ടി. സെർജി സ്ക്രിപൽ (66), മകൾ യുലിയ (33) എന്നിവരെ മാർച്ച് നാലിനാണ് വിഷപ്രയോഗമേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ഇരുവരും ആശുപത്രിയിലാണ്. റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്. അതേസമയം സ്ക്രിപലിന്‍റെയും മകൾ യുലിയയുടെയും നേർക്കുണ്ടായ രാസായുധാക്രമണത്തിന് തങ്ങൾക്ക് നേരെ കുറ്റം ആരോപിച്ച റഷ്യക്കെതിരെ ചെക്ക് റിപ്പബ്ലിക്ക് രംഗത്തെത്തി. സ്ക്രിപലിനെതിരേ പ്രയോഗിച്ച മാരകമായ രാസവസ്തു വികസിപ്പിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്ന് ചെക്ക് റിപ്പബ്ലിക്ക് ആണെന്ന് റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചെക്ക് റിപ്പബ്ലിക്ക് വിദേശകാര്യമന്ത്രി മാർട്ടിൻ സ്ട്രോപ്നിക്കി പറഞ്ഞു.

