മാണിയെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം
തിരുവനന്തപുരം : കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. എൻ.ഡി.എയുടെ നയപരിപാടിയെ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കെ.എം മാണി അനുകൂലമായി പ്രതികരിച്ചാൽ എൻ.ഡി.എ ഘടകക്ഷികൾ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസുമായുള്ള തർക്കം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുന്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് ഇന്നലെ കെ.എം മാണിയുമായി പാലായിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും തികച്ചും സൗഹാർദപരമായിരുന്നു കൂടിക്കാഴ്ചയെന്നും ഇരുനേതാക്കളും വ്യക്തമാക്കി. അതേസമയം, ചെങ്ങന്നൂരിൽ ആർക്ക് പിന്തുണ നൽകണമെന്ന് കേരളാ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ലെന്നാണ് കേരളാ കോൺഗ്രസിൽ ധാരണയായതെന്നാണ് സൂചന.

