സാന്പത്തിക ക്രമക്കേട് : മൗറീഷ്യസ് പ്രസിഡണ്ട് രാജിവെച്ചു
പോർട്ട്ലൂയിസ് : സാന്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്ന് വിവാദത്തിലായ മൗറീഷ്യസ് പ്രസിഡണ്ട് അമീന ഗുരീബ് ഫക്കീം രാജിവെച്ചു. ആഫ്രിക്കയിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു അമീന. രാജ്യതാൽപ്പര്യത്തിന് വേണ്ടിയാണു രാജി വെയ്‌ക്കുന്നതെന്ന് അമീനയുടെ അഭിഭാഷകൻ യൂസഫ് മുഹമ്മദ് വ്യക്‌തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധ സംഘടന നൽകിയ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആഭരണങ്ങളും വസ്‌ത്രങ്ങളും വാങ്ങിയതാണ് അമീനയെ വിവാദത്തിൽ ചാടിച്ചത്.
2016ലാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ഒരു പ്രാദേശിക ചാനൽ പുറത്തുവിട്ടത്. എന്നാൽ, താൻ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അമീന. വിവാദത്തെത്തുടർന്നുണ്ടായ എതിർപ്പ് ശക്തമായതോടെ പ്രസിഡണ്ടിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി അമീന ഫക്കീം സ്ഥാനമേറ്റത്.

