സ്ക്രി­പാ­ലി­നെ­തി­രെ­ വി­ഷപ്രയോ­ഗം: ആക്രമണത്തിന് ഉത്തരവി­ട്ടത് പു­ടി­നെ­ന്ന് ബ്രി­ട്ടീഷ് മന്ത്രി­


ലണ്ടൻ : സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ മാരകമായ രാസവസ്തു ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ നേരിട്ട് ഉത്തരവു നൽകിയതായി സംശയമുണ്ടെന്ന് ബ്രിട്ടീഷ് വിദേശമന്ത്രി ബോറീസ് ജോൺസൺ. സംഭവത്തിൽ ക്രെംലിന് പങ്കുണ്ടെന്ന സാധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രി തെരേസാ മേ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. 

എന്നാൽ ജോൺസൺ പുടിന് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നു കുറ്റപ്പെടുത്തുകയായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണു യൂറോപ്പിലെ തെരുവ് രാസായുധാക്രമണത്തിനു വേദിയാകുന്നതെന്നും ജോൺസൺ പറഞ്ഞു. 

വിവിധ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും രാസായുധാക്രമണത്തിനു റഷ്യയെ കുറ്റപ്പെടുത്തി നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നു റഷ്യ ആവർത്തിച്ചു.

റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായി പറയപ്പെടുന്നു. ഇരുവരും ഐസിയുവിൽ കഴിയുകയാണ്. 

അതേസമയം സ്ക്രിപാലിന്‍റെയും മകൾ യൂലിയയുടെയും നേർക്ക് ആക്രമണത്തിനുപയോഗിച്ച രാസവസ്തു യൂലിയയുടെ സ്യൂട്ട്കേസിൽ ഒളിപ്പിച്ചു വച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മോസ്കോയിൽനിന്നു ബ്രിട്ടനിലേക്കു തിരിക്കും മുന്പ് ആരെങ്കിലും സ്യൂട്ട്കേസിൽ ഇതു വെച്ചതായിരിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുക ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോർട്ട്. പെപ്സികോയ്ക്കു വേണ്ടി ജോലി ചെയ്യുന്ന യൂലിയ ഈ മാസം മൂന്നിനാണ് ഇംഗ്ലണ്ടിലെത്തിയത്. നാലാം തിയതി ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിൽ കണ്ടെത്തി. 

അതേസമയം റഷ്യക്കെതിരെ ബ്രിട്ടൻ സ്വീകരിച്ച പ്രതികാര നടപടിക്കു ബദലായി ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ വൈകാതെ നടപടി എടുക്കുമെന്നു ക്രെംലിൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെ റഷ്യൻ പൗരത്വമുള്ള യൂലിയാ സ്ക്രിപാലിനെതിരേ ബ്രിട്ടനിൽ നടന്ന ആക്രമണത്തെക്കുറിച്ച് റഷ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ബോറിസ് ജോൺസന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്ന് റഷ്യ പ്രതികരിച്ചു. നയതന്ത്ര പ്രതിനിധികളെ പിരിച്ചുവിട്ട് ഇരുരാജ്യങ്ങളും പോര് തുടരുന്നതിനിടയിലാണ് വീണ്ടും പ്രകോപനപരമായ വാക്കുകളുമായി നേതാക്കൾ രംഗത്തെത്തുന്നത്. ബ്രിട്ടന്റെ നടപടികൾക്കെല്ലാം ഉടൻ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റഷ്യ നൽകുന്ന മറുപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed