വയനാട്ടിൽ ആദിവാസി യുവതി കെഎസ്ആർടിസി ബസിനുള്ളിൽ പ്രസവിച്ചു
കൽപറ്റ : വയനാട്ടിൽ ആദിവാസി യുവതി കെഎസ്ആർടിസി ബസിനകത്ത് പ്രസവിച്ചു. വയനാട് വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളിൽ പ്രസവിച്ചത്. സംഭവം നടന്നത് ഇന്ന് രാവിലെ ഒൻപതരയോടെയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ, രക്തസമ്മർദം മൂർഛിച്ചതിനെ തുടർന്നു കുറച്ചു നാളായി ചികിത്സയിലായിരുന്നു യുവതി. ഇന്ന് രാവിലെ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം അവിടെ നിന്നു വയനാട്ടിലേക്ക് തിരിച്ചതാണ്. യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട കവിത കൽപറ്റ കെഎസ്ആർടിസി ഗാരേജിനു സമീപത്തെത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. തുടർന്ന് ബസിൽ തന്നെ കൽപറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു, യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുഞ്ഞിന് തൂക്കക്കുറവുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

