23 റഷ്യൻ പ്രതി­­­നി­­­ധി­­­കളെ­­­ ബ്രി­­­ട്ടൻ പു­­­റത്താ­­­ക്കി­­­


ലണ്ടൻ : മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനുനേർക്കുണ്ടായ രാസായുധാക്രമണത്തിൽ റഷ്യയ്ക്കെതിരെ ബ്രിട്ടൻ കടുത്ത നടപടികളെടുക്കുന്നു.  റഷ്യയുമായുള്ള ഉന്നതതല ഉഭയകക്ഷി ഇടപാടുകൾ നിർത്തിവച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാർലമെന്‍റിൽ അറിയിച്ചു. 

തങ്ങൾ‍ അഭയമേകിയവരെ വധിക്കാൻ‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്വത്തിൽ‍നിന്ന്‌ റഷ്യയ്‌ക്ക്‌ ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രാഥമിക നടപടിയെന്ന നിലയിൽ‍ 23 റഷ്യൻ നയതന്ത്രജ്ഞരോട്‌ ഒരാഴ്‌ചയ്‌ക്കകം രാജ്യം വിടണമെന്നും ബ്രിട്ടൻ നി‍‍‍‍ർദേശിച്ചു. ജൂണിൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ബ്രിട്ടനിലെ ഉന്നതല ഉദ്യോഗസ്ഥരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കില്ല. റഷ്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാവത്തതിനെ തുടർന്നാണ് കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. 

റഷ്യയ്ക്കുവേണ്ടിയും ബ്രിട്ടനുവേണ്ടിയും സ്ക്രിപാൽ ചാരപ്പണി നടത്തിയിട്ടുണ്ട്. മാർച്ച് നാലിന് ബ്രിട്ടനിലെ സാലിസ്ബറിയിൽവച്ച് ഇദ്ദേഹത്തിനും മകൾ യൂലിയായ്ക്കും നേർക്ക് രാസായുധാക്രമണം ഉണ്ടായി. ഇരുവരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ബ്രിട്ടൻ ആവർത്തിക്കുന്നു.

30 വർ‍ഷത്തിനിടെ ഇത്രയധികം നയതന്ത്രജ്ഞരെ ബ്രിട്ടൻ ഒറ്റയടിക്കു പുറത്താക്കുന്നത്‌ ഇതാദ്യമാണെന്നു മേ ചൂണ്ടിക്കാട്ടി. നയതന്ത്രജ്ഞരുടെ മൂടുപടമണിഞ്ഞ റഷ്യയുടെ അപ്രഖ്യാപിത രഹസ്യാന്വേഷകരാണ്‌ ഇവർ‍. വിയന്ന കൺവെഷൻ പ്രകാരം ഒരാഴ്‌ചയ്‌ക്കുള്ളിൽ‍ രാജ്യം വിടാനാണ്‌ നിർ‍ദേശിച്ചിരിക്കുന്നതെന്ന് മേ പറഞ്ഞു. ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ‍ അധ്യക്ഷത വഹിച്ച ശേഷമാണ്‌ മേ പാർ‍ലമെന്റിൽ‍ പ്രസ്‌താവന നടത്തിയത്‌. ബ്രിട്ടന് മുകളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ റഷ്യൻ വിമാനങ്ങൾ‍ ഉൾ‍പ്പെടെ കർ‍ശന നിരീക്ഷണത്തിനു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. 

ചരക്കുനീക്കത്തിലും ജാഗ്രത പുലർ‍ത്തും. നയതന്ത്രതലത്തിലുള്ള ബന്ധത്തിലും നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തിയിട്ടുണ്ട്‌. ഈ വർ‍ഷം ബ്രിട്ടൻ സന്ദർ‍ശിക്കാൻ റഷ്യൻ വിദേശകാര്യമന്ത്രി സെർ‍ജി ലാവ്‌റോവിനെ ക്ഷണിച്ച നടപടിയും പിൻവലിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ ഗൗരവത്തെ പുച്ഛിക്കുന്ന പ്രതികരണമാണ് റഷ്യയിൽ നിന്നുണ്ടായതെന്നും മേ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച് രാസായുധം ഉത്പാദിപ്പിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് റഷ്യയ്ക്കു വിശദീകരണമില്ല. രാസായുധം എങ്ങനെ ബ്രിട്ടനിലെത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല. 

അതേസമയം, മാർച്ച് നാലിന് സ്ക്രിപാലിനു നേർക്കു നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണ് റഷ്യ പറയുന്നത്. തങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുന്പായി, പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed