ജർമ്മനിയിൽ ആഞ്ചല വീണ്ടും ചാൻസലർ
ബെർലിൻ : ജർമ്മൻ ചാൻസലറായി നാലാമതും 63കാരിയായ ആഞ്ചല മെർക്കലിൻ തിരഞ്ഞെടുക്കപ്പെട്ടു. 315നെതിരെ 364 വോട്ടുകൾക്കാണ് മെർക്കൽ വിജയിച്ചത്. ഒന്‍പത് പേർ വിട്ടുനിന്നു. തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നതായി അവർ പാർലമെന്റിന്റെ അധോസഭയിൽ പറഞ്ഞു. വിവിധ കക്ഷികളുടെ പിന്തുണയോടെ 2005 നവംബർ 22നാണ് മെർക്കൽ ആദ്യമായി ചാൻസലർ പദവിയിൽ എത്തുന്നത്. ജർമ്മനിയിലെ ആദ്യ വനിത ചാൻസലറുമാണ് മെർക്കൽ.
2017 ഒക്ടോബർ 24 മുതൽ മെർക്കലിന്റെ നേതൃത്വത്തിൽ ആക്ടിംഗ് സർക്കാരായി പ്രവർത്തിച്ചുവരികയായിരുന്നു. യൂറോപ്യൻ യൂണിയനിലെ കരുത്തുറ്റ നേതാവ് കൂടിയായ മെർക്കൽ ലോകത്തെ ഏറ്റവും ശക്തരായ വനിതകളിലും ഒരാളായാണ് കണക്കാക്കുന്നത്. ഒരുപക്ഷേ ഇത് ചാൻസലർ സ്ഥാനത്ത് മെർക്കലിന്റെ അവസാന കാലയളവായിരിക്കും. വലതുപക്ഷ യഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ കക്ഷിയുടെ നേതാവ് കൂടിയാണ് മെർക്കൽ.

