തേ­നി­ കാ­ട്ടു­തീ­ : ഉദ്യോഗസ്ഥർക്കെതിരെ നടപടി


തേനി (തമിഴ്നാട്) : കേരള-തമിഴ്നാട് അതിർത്തിയായ ബോഡി കൊരങ്ങണിയിലുണ്ടായ കാട്ടുതീ അപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. മലകയറ്റം ഏർപ്പാടാക്കിയ ടൂർ ഗൈഡ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും കൊരങ്ങണി റേഞ്ച് ഓഫീസർ ജയ്സിംഗിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ പാസ് നൽകിയാണ് ട്രക്കിംഗ് ക്ലബ്ബ് അംഗങ്ങളെ മലയിലേക്ക് കയറ്റിവിട്ടതെന്ന് പൊള്ളലേറ്റവർ മൊഴിനൽകി.  ഇതേ തുടർന്നാണ് കൊരങ്ങണി റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തത്. തീ ഉണ്ടാകാനിടയായ സാഹചര്യം അനധികൃത ട്രക്കിംഗ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ചും അന്വേഷിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന ചെന്നൈ ട്രക്കിംഗ് ക്ലബ്ബിനെതിരെ നിയമനടപടി ആരംഭിച്ചു. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ നൽകും.  ചികിത്സാച്ചിലവും വഹിക്കും. പൊള്ളലേറ്റ 27 പേരിൽ ഏഴുപേരുടെനില ഗുരുതരമാണ്. ഇതിൽ 80 ശതമാനത്തിലധികം പൊള്ളലുള്ള ആറുപേരുണ്ട്. കാണാതായ മൂന്നുപേർ ട്രക്കിംഗ് നടത്താതെ പോയതാകാമെന്ന് കരുതുന്നു.  അപകടത്തെക്കുറിച്ച്  സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അനധികൃത ട്രക്കിംഗിനെക്കുറിച്ചും അന്വേഷിക്കും. ഇതിനായി കേരളത്തിലെ ഉദ്യോഗസ്ഥരുടെ സഹായവുംതേടും.   

സംഭവത്തെത്തുടർന്ന് തമിഴ്നാട് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ്  ഉയരുന്നത്. വേനലിൽ വനമേഖലയിൽ ട്രക്കിംഗ് നിരോധിച്ച കേരള സർക്കാർ നടപടി തമിഴ്നാടും പിന്തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. അതിർത്തിക്കടുത്തായതിനാൽ അനധികൃത ട്രക്കിംഗ് സംബന്ധിച്ച അന്വേഷണം കേരളവുമായി സഹകരിച്ച് നടത്താൻ ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. കാട്ടിനുള്ളിലെ അനധികൃത ടെന്റുകൾ, താമസ ഇടങ്ങൾ എന്നിവയെക്കുറിച്ചും പരിശോധന ആരംഭിച്ചു. തേനി ജില്ലാഭരണത്തിനാണ് പ്രാഥമിക അന്വേഷണത്തിന്റെ ചുമതല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed