അമേരിക്കൻ വിമാനവാഹിനിക്കപ്പൽ വിയറ്റ്നാം തുറമുഖത്ത് നങ്കൂരമിട്ടു
ഹാനോയി : അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ വിയറ്റ്നാമിലെ തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്ക−-വിയറ്റ്നാം യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് യു.എസ്.എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പൽ ദാനങ് തുറമുഖത്ത് നങ്കുരമിട്ടത്. ഇടത്താവളമായാണ് കാൾ വിൻസൺ ദാനങിൽ നങ്കൂരമിട്ടിരിക്കുന്നത്.
മേഖലയിൽ ചൈന ശക്തി പ്രാപിക്കുന്നതിനോടുള്ള പ്രതികരണമായാണ് അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള മഞ്ഞുരുകലിനെ നീരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞമാസം മുതൽ ദക്ഷിണ ചൈനക്കടലിലാണ് കാൾ വിൻസൻ ഉള്ളത്.
നാലു ദിവസമാണ് കാൾ വിൻസൺ വിയറ്റ്നാം തീരത്തുണ്ടാവുക.കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ ഒരു അമേരിക്കൻ കപ്പൽ പോലും വിയറ്റ്നാം തീരത്ത് നങ്കൂരമിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നത്തേത് ചരിത്രപരമായ വലിയ ചുവടുവയ്പാണെന്ന് കാൾ വിൻസണിലെ റിയർ അഡ്മിറൽ ജോൺ വി ഫുള്ളർ പറഞ്ഞു. 1975ലാണ് വിയറ്റ്നാമിൽ നിന്ന് അമേരിക്കയുടെ അവസാന ട്രൂപ്പും പിൻവാങ്ങിയത്.
ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചൈനയ്ക്കെതിരെ ധീരമായ നടപടികളാണ് വിയറ്റ്നാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിന്റെ വിയറ്റ്നാം തീരത്തെ നങ്കൂരമിടൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. വിയറ്റ്നാം ഉൾപ്പെടെ ആറ് രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം അമേരിക്കയും വിയറ്റ്നാമും സൗഹൃദത്തിന്റെ പാത തിരഞ്ഞെടുക്കുന്നു എന്ന സൂചനയാണ് കാൾ വിൻസണിന്റെ വിയറ്റ്നാം തീരത്തേക്കുള്ള വരവ് സൂചിപ്പിക്കുന്നത്.

