ഫ്ളോറിഡ സ്കൂൾ ആക്രമണം : മുന്നറിയിപ്പ് എഫ്.ബി.ഐ അവഗണിച്ചുവെന്ന് ട്രംപ്
വാഷിംഗ്ടൺ : ഫ്ളോറിഡ സ്കൂളിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരു മാസം മുന്പേ തന്നെ സൂചനകൾ ലഭിച്ചിട്ടും അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ എഫ്.ബി.ഐ അവഗണിച്ചെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കൊലയാളിയായ നിക്കോളാസ് ക്രൂസിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായും ഇത് പ്രാദേശിക പോലീസിന് കൈമാറിയിരുന്നതായും എഫ്.ബി.ഐ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് എഫ്.ബി.ഐ പ്രവർത്തനങ്ങളെന്ന് ട്രംപ് വിമർശിച്ചു. അടിസ്ഥാ
നപരമായ കാര്യങ്ങളിലാണ് ആദ്യം ശ്രദ്ധ പതിപ്പിക്കേണ്ടത്. എന്നാൽ ട്രംപിന് റഷ്യയുമായി ‘ബന്ധ’മുണ്ടോയെന്ന് പരിശോധിക്കാനാണ് എഫ്.ബി.ഐ മുഴുവൻ സമയവും ചിലവഴിക്കുന്നത്. അങ്ങനെയൊന്ന് ഇല്ല താനും. ലോകത്തിന് മുന്നിൽ യു.എസ്സിന് അഭിമാനിക്കാവുന്ന നടപടികളാണ് എഫ്.ബി.ഐയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു
ഉത്തരവാദിത്തം ഏറ്റെടുത്ത് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ രാജിവെക്കണമെന്ന് ഫ്ളോറിഡ ഗവർണർ ആവശ്യപ്പെട്ടു. എഫ്.ബി.ഐക്ക് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് യു.എസ് അറ്റോർണി ജനറൽ അറിയിച്ചു. ഫ്ളോറിഡ സ്കൂളിൽ വെടിവെപ്പ് നടത്തിയ നിക്കോളാസ് ക്രൂസിനെ കുറിച്ചുള്ള മുന്നറിയിപ്പ് ജനുവരി അഞ്ചിന് തന്നെ എഫ്.ബി.ഐക്ക് ലഭിച്ചിരുന്നു.
ആളുകളെ കൊല്ലാൻ ആഗ്രഹിക്കുന്ന പ്രകൃതക്കാരനാണ് ക്രൂസ് എന്നും ഭ്രാന്തമായ സ്വഭാവമാണ് അയാൾ കാണിക്കുന്നതെന്നും എഫ്.ബി.ഐക്ക് ലഭിച്ച സന്ദേശത്തിലുണ്ടായിരുന്നു. സ്കൂളിൽ വെടിവെയ്പ് നടത്താൻ അയാൾ ശ്രമിക്കുന്നതായും ക്രൂസിന്‍റെ കൈവശമുള്ള തോക്ക് അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും സന്ദേശം അയച്ചയാൾ അറിയിച്ചിരുന്നു. ഈ വിവരം എഫ്.ബി.ഐ മിയാമി ഫീൽഡ് ഓഫീസിന് കൈമാറിയെങ്കിലും തുടർന്നുള്ള കാര്യങ്ങൾ അന്വേഷിച്ചില്ല. സന്ദേശം അയച്ച ആളെ കുറിച്ച് അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് എഫ്.ബി.ഐ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
എഫ്.ബി.ഐയുടെ നടപടിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും രോഷാകുലരാണ്. തങ്ങൾക്ക് ലഭിച്ച മുന്നറിയിപ്പിന് എഫ്.ബി.ഐ വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നുവെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് അവർ പറയുന്നു. 17 പേരുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ സ്ഥാനം രാജിവെക്കണമെന്ന് ഫളോറിഡ ഗവർണർ റിക്ക് സ്കോട്ട് ആവശ്യപ്പെട്ടു.
എഫ്.ബി.ഐക്ക് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കണമെന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ഉത്തരവിട്ടു. അതിനിടെ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഫ്ളോറിഡയിൽ ഒത്തു ചേർന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് നിക്കോളാസ് ക്രൂസ് എന്ന 19 കാരന്‍ സ്കൂളിൽ 17 പേരെ വെടിവെച്ച് കൊന്നത്. 2012ന് ശേഷം അമേരിക്കയിലെ സ്കൂളിൽ നടന്ന ഏറ്റവും വലിയ വെടിയ്്വെപ്പാണിത്.

